05:30pm 22 September 2026
NEWS
ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്
16/01/2026  08:41 PM IST
nila
ജെ.സി ഡാനിയേൽ പുരസ്‌കാരം നടി ശാരദയ്ക്ക്

2024-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദയ്ക്ക്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര വിവരം ഔദ്യോഗികമായി അറിയിച്ചത്. മലയാള ചലച്ചിത്രരംഗത്തിന് നൽകിയ സമഗ്ര സംഭാവനകൾക്കാണ് പുരസ്കാരം. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ഈ പുരസ്‌കാരത്തിൽ അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും ഉൾപ്പെടുന്നു. 2026 ജനുവരി 25-ന് തിരുവനന്തപുരം നിശാഗന്ധിയിൽ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും.

2017-ലെ ജെ.സി. ഡാനിയേൽ പുരസ്‌കാര ജേതാവായ ശ്രീകുമാരൻ തമ്പി ചെയർപേഴ്സണായും നടി ഉർവശി, സംവിധായകൻ ബാലു കിരിയത്ത് എന്നിവർ അംഗങ്ങളായും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ് മെംബർ സെക്രട്ടറിയായും പ്രവർത്തിച്ച ജൂറിയാണ് ശാരദയെ പുരസ്‌കാര ജേതാവായി തെരഞ്ഞെടുത്തത്. കേരള സർക്കാരിന്റെ ഈ പരമോന്നത ചലച്ചിത്ര ബഹുമതി ലഭിക്കുന്ന 32-ാമത്തെ പ്രതിഭയാണ് 80-കാരിയായ ശാരദ.

അഭിനയമേഖലയിൽ അസാധാരണമായ കഴിവ് തെളിയിച്ച ശാരദ, മലയാള സിനിമയ്ക്ക് രണ്ടു തവണ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിക്കൊടുത്തുവെന്ന് ജൂറി വിലയിരുത്തി. അറുപതുകൾ മുതൽ എഴുപതുകൾ വരെയുള്ള കാലഘട്ടത്തിലെ മലയാളി സ്ത്രീയുടെ ജീവിതവും സഹനങ്ങളും തിരശ്ശീലയിൽ അതീവ സൂക്ഷ്മതയോടെ അവതരിപ്പിക്കാൻ ശാരദയ്ക്കു കഴിഞ്ഞുവെന്നതാണ് അവരുടെ അഭിനയത്തെ വേറിട്ടതാക്കിയത്.

1968-ൽ ‘തുലാഭാരം’ എന്ന ചിത്രത്തിലൂടെ ആദ്യ ദേശീയ പുരസ്‌കാരം നേടിയ ശാരദ, പിന്നീട് 1972-ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘സ്വയംവരം’ എന്ന ചിത്രത്തിലൂടെയും 1977-ൽ തെലുങ്ക് ചിത്രം ‘നിമജ്ജന’യിലൂടെയും ദേശീയ അംഗീകാരം നേടി. ‘ത്രിവേണി’, ‘മുറപ്പെണ്ണ്’, ‘മൂലധനം’, ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് ഒരിക്കലും മറക്കാനാകാത്ത കഥാപാത്രങ്ങളാണ് ശാരദ സമ്മാനിച്ചത്.

1945 ജൂൺ 25-ന് ആന്ധ്രപ്രദേശിലെ തെനാലിയിൽ വെങ്കിടേശ്വര റാവുവിന്റെയും സത്യവാണി ദേവിയുടെയും മകളായി ജനിച്ച സരസ്വതീദേവി, ‘ഇരുമിത്രലു’ എന്ന തെലുങ്ക് ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുമ്പോഴാണ് ശാരദ എന്ന പേരെടുത്തത്. 1965-ൽ മുട്ടത്തു വർക്കി രചനയും കുഞ്ചാക്കോ സംവിധാനവും നിർവഹിച്ച ‘ഇണപ്രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം.

എം.ടി. വാസുദേവൻ നായരുടെ തിരക്കഥയിൽ വിൻസെന്റ് സംവിധാനം ചെയ്ത ‘മുറപ്പെണ്ണ്’, പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘ഇരുട്ടിന്റെ ആത്മാവ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശാരദ മലയാളത്തിന്റെ പ്രിയങ്കരിയായി. ‘ഉദ്യോഗസ്ഥ’, ‘യക്ഷി’, ‘അടിമകൾ’, ‘നദി’, ‘എലിപ്പത്തായം’, ‘രാപ്പകൽ’ തുടങ്ങിയവ ഉൾപ്പെടെ 125-ഓളം മലയാള സിനിമകളിൽ അവർ അഭിനയിച്ചു.

ഐ.എഫ്.എഫ്.കെയിൽ റെട്രോസ്പെക്ടീവ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാള സിനിമാനടിയെന്ന പ്രത്യേകതയും ശാരദയ്ക്കുണ്ട്. 2019-ൽ നടന്ന 24-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ശാരദയുടെ സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img